കാറ്, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ യോജിച്ച സമയമിതാ. ജിഎസ്ടി നടപ്പാക്കുന്നതിനുമുമ്പ് കൈവശമുള്ള ഉത്പന്നങ്ങള്‍ വന്‍വിലക്കുറവില്‍ വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സാധാരണയായി തുണിത്തരങ്ങള്‍ക്ക് മണ്‍സൂണ്‍ വിലക്കിഴിവ് ജൂണ്‍ അവസാനമാണ് പ്രഖ്യാപിക്കുക. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ ദീപാലവലിക്കുമാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുക. ഇതാ അതിനുമുമ്പേ വിലക്കിഴിവുമായി വ്യാപാരികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ലക്ഷ്വറി കാറുകള്‍ക്കു മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കുവരെ വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചുകഴിഞ്ഞു.
ചരക്ക് സേവന നികുതി നിലവില്‍വരുന്ന ജൂലായ് ഒന്നിന് മുമ്പേ, കൈവശമുള്ള പഴയ നികുതി നിരക്കുകളുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് റീട്ടെയില്‍ കച്ചവടക്കാരുടെ ലക്ഷ്യം. ടിവി, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷന്‍, വാഷിങ് മെഷീന്‍ തുടങ്ങിയവ 20 മുതല്‍ 40 ശതമാനംവരെ വിലക്കിഴിവില്‍ ലഭിക്കും. പഴയ സ്റ്റോക്ക്, വില നിലവാരം എന്നിവയ്ക്കനുസരിച്ച് ഡിസ്‌കൗണ്ടില്‍ മാറ്റമുണ്ടാകും. എംആര്‍പിയില്‍നിന്ന് 10 മുതല്‍ 15 ശതമാനംവരെ വിലക്കിഴിവിലാണ് സാധാരണ ഉത്പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്. എന്നാല്‍ അതിൻ്റെ മൂന്നിരട്ടിവരെ കൂടുതല്‍ വിലക്കിഴിവാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
സാംസങ്, പാനസോണിക്, ഹിറ്റാച്ചി, വീഡിയോകോണ്‍ തുടങ്ങിയവ ഓഫറുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇഎംഐ ഓഫറുകള്‍ എല്‍ജി വാഗ്ദാനം ചെയ്യുന്നു. പേ ടിഎം മാള്‍ പ്രീ ജിഎസ്ടി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്‌ടോപ്, ടിവി, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 20,000 രൂപവരെയാണ് ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ഹ്യൂണ്ടായ്, മഹിന്ദ്ര, ഫോര്‍ഡ് തുടങ്ങിയ കമ്പനികള്‍ സ്റ്റോക്ക് വിറ്റഴിക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഹ്യൂണ്ടായുടെ എലൈറ്റ് ഐ20ക്ക് 20,000 രൂപവരെയും സാന്റ ഫെയ്ക്ക് 2.50 ലക്ഷം രൂപവരെയുമാണ് ഓഫര്‍. ഇയോണ്‍-45,000, ഗ്രാന്‍ഡ് ഐ10 62,000-73000, വെര്‍ണ 80,000-90,000 എന്നിങ്ങനെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. മാരുതിയാകട്ടെ ഓള്‍ട്ടോയ്ക്കും സ്വിഫ്റ്റിനും 25,000 രൂപ മുതല്‍ 35,000 രൂപവരെയാണ് കിഴിവ് നല്‍കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ 27000, ടിയുവി 300-61000, കെയുവി 100-72000, എക്‌സ് യുവി500-90000 എന്നിങ്ങനെയാണ് ജൂണ്‍ 30വരെ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 20വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫോക്‌സ് വാഗണ്‍ 76,000 രൂപ (പോളോ), മുതല്‍ ഒരു ലക്ഷം(വെന്റോ)വരെയാണ് കിഴിവ് നല്‍കുന്നത്. കുറഞ്ഞ പലിശ നിരക്ക്(7.49%), സൗജന്യ ഇന്‍ഷുറന്‍സ്, മൂന്ന് വര്‍ഷം വാറന്റി എന്നിവയും ഫോക്‌സ് വാഗണ്‍ വാഗ്ദാനം ചെയ്യുന്നു. നിസാനും ഫോഡും സമാനമായ വിലക്കിഴിവുമായി രംഗത്തുണ്ട്. 7.5 ലക്ഷം രൂപവരെയാണ് ബെന്‍സ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബജാജ് ഓട്ടോ ബൈക്കുകള്‍ക്ക് 400 രൂപ മുതല്‍ 4,500 രൂപവരെയാണ് കിഴിവ് നല്‍കുന്നത്.
അലന്‍ സോളി, പ്യൂമ, ലെവീസ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാംവരെയാണ് പ്യൂമയുടെ വിലക്കിഴിവ്. ഒന്നെടുത്താല്‍ ഒന്ന് സൗജന്യമായി അലന്‍സോളി നല്‍കുന്നു. രണ്ടെണ്ണം വാങ്ങിയാല്‍ രണ്ടെണ്ണം സൗജന്യമായി നല്‍കുമെന്നാണ് ലെവീസിൻ്റെ വാഗ്ദാനം. ഫ്‌ളൈയിങ് മെഷീന്‍ ജീന്‍സുകള്‍ക്ക് 50 ശതമാനമാണ് കിഴിവ് നല്‍കുന്നത്.
പേ ടിഎം മാള്‍, പാന്റലൂണ്‍സ്, ഷോപ്പേഴ്‌സ് സ്റ്റോപ്, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയ റീട്ടെയില്‍ ബ്രാന്‍ഡുകളുടം വ്യത്യസ്ത വിലക്കിഴിവുകളുമായി രംഗത്തുണ്ട്. ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് 15 ശതമാനംവരെയാണ് പേ ടിഎം വിലക്കിഴിവ് നല്‍കുന്നത്. ജിയോണി, വിവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് 9,000 രൂപവരെയാണ് ക്യാഷ് ബാക്ക് ഓഫര്‍. 70,000 രൂപ വിലയുള്ള ഐഫോണ്‍ 7(128ജിബി)ന് 24 ശതമാനമാണ് വിലക്കിഴിവ് നല്‍കുന്നത്.
ലെനോവൊ ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപവരെയാണ് ക്യാഷ് ബാക്ക്. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് 10,000 രൂപവരെയും എല്‍ഇഡി ടിവിക്ക് 20,000 രൂപവരെയും ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടും ആമസോണും സമാനമായ വിലക്കിഴിവുമായി രംഗത്തുണ്ട്.