കൊട്ടാരക്കര: കൊട്ടാരക്കരയിലും പുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതിയെ കവർച്ചാശ്രമത്തിനിടെ ഇന്നലെ രാത്രി കൊട്ടാരക്കര പൊലീസ് കൊല്ലം റൂറൽ ഷാഡോ ടീമിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ കൃഷ്ണൻ പോറ്റി മകൻ സജിത് (32) ആണ് അറസ്റ്റിലായത്. വർഷങ്ങൾക്കു മുൻമ്പ് വെട്ടിക്കവലയിൽ നിന്നും കോട്ടയം ജില്ലയിലുള്ള കുമാരനല്ലൂർ എന്ന സ്ഥലത്തു താമസിക്കുകയും ആറ്റിങ്ങൽ, അഞ്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ അമ്പലങ്ങളിൽ പൂജാ സഹായിയായി നിൽക്കുകയും മോഷണം നടത്തുകയും ചെയ്ത കേസിൽപെട്ട് ഒന്നര വർഷമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇന്നലെ വെട്ടിക്കവല ക്ഷേത്രത്തിനു സമീപം കവർച്ചക്കായി നിന്ന പ്രതിയെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതിൽ സദാനന്ദപുരത്തും സമീപ സ്ഥലങ്ങളിലുമുള്ള ക്ഷേത്ര വഞ്ചികളും, പുത്തൂർ സ്റ്റേഷൻ പരിധിയിലെ ക്ഷേത്രവഞ്ചി കുത്തി തുറന്ന് 30,000 രൂപ കവർച്ച ചെയ്ത കേസിലും പ്രതിയാണ്. കൊല്ലം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി നോക്കിയിട്ടുണ്ട്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് അന്വോഷണം നടത്തിയത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.