ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടച്ചിട്ട രാജ്യത്തെ സര്‍വകലാശാലകളും കോളജുകളും വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് (യുജിസി) പുറപ്പെടുവിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഘട്ടംഘട്ടമായി കാമ്പുസുകൾ ആരംഭിക്കാന്‍ സര്‍വകലാശാലകളോടും കോളജുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുജിസി അറിയിച്ചു.
സര്‍വകലാശാലകളെയും കോളജുകളെയും കണ്ടെയ്ന്മെന്റ് സോണിന് പുറത്താണെങ്കില്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. മാത്രമല്ല, കണ്ടെയ്ന്മെന്റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയും സ്റ്റാഫിനെയും കോളജുകളില്‍ അനുവദിക്കില്ല എന്നും യുജിസി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
സംസ്ഥാന സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും ബന്ധപ്പെട്ട സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കണം. സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവയുള്‍പ്പെടെ മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും ക്ലാസുകള്‍ ആരംഭിക്കാന്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാം.
