ഹരിതകേരളം മിഷന് തയ്യാറാക്കുന്ന ജലബജറ്റിന്റെ പൈലറ്റ് പദ്ധതി കല്‍പ്പറ്റയില്‍ നടപ്പാക്കും. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് മാര്‍ഗരേഖയുടെ അവസാന കരട് ചര്‍ച്ച ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ നടന്നു. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ, ജലവിഭവ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടി.കെ. ജോസ്, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്, സി.ഡബ്യു.ആര്.ഡി.എം. പ്രതിനിധികള്‍, സര്‍ക്കാരിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഹരിതകേരളം മിഷനിലെ ജല ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി പദ്ധതി വിശദീകരണവും സി.ഡബ്യു.ആര്.ഡി.എം. സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സുശാന്ത് സി.എം. സാങ്കേതിക വിവരണവും നടത്തി.
ഒരു പ്രദേശത്തെ ജല ലഭ്യത, നിലവിലുള്ള ഉപയോഗം എന്നിവ കണ്ടെത്തി വിവേകപൂര്‍വമുള്ള ജലവിനിയോഗം ഉറപ്പുവരുത്തുകയാണ് ജല ബജറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും ഗാര്‍ഹികം, വ്യാവസായികം, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ മേഖലകളിലെ ജലത്തിന്റെ ആവശ്യകതയും കണക്കാക്കുകയാണ് ആദ്യം. ആവശ്യത്തേക്കാള്‍ കുറവാണ് ജല ലഭ്യതയെങ്കില്‍ ലഭ്യത വര്‍ധിപ്പിക്കാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള നടപടികള്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ അടിത്തറയോടു കൂടിയുള്ള ജനകീയ പ്രവര്‍ത്തനങ്ങളാണ് ജലബജറ്റിംഗ് പ്രവര്‍ത്തനത്തിലൂടെ നടത്താന്‍ ഹരിതകേരളം മിഷന് ലക്ഷ്യമിടുന്നത്.
സി.ഡബ്യു.ആര്.ഡി.എം. ഉള്‍പ്പെടെ ഈ രംഗത്തെ വിദഗ്ധരെയും വകുപ്പ് മേധാവികളേയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഒരു സ്ഥലത്ത് നിര്‍വ്വഹണം നടത്തി വിലയിരുത്തല്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിലെ മുട്ടില്‍ പഞ്ചായത്തിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ജലസേചന വകുപ്പ് എഞ്ചിനീയര്‍ കണ്‍വീനറായി ഹരിതകേരളം മിഷന് രൂപീകരിച്ച സാങ്കേതിക സമിതികളുടെ നേതൃത്വത്തിലാണ് ഈ ജനകീയ പ്രവര്‍ത്തനം നടത്തുന്നത്.