കല്‍പ്പറ്റ: വയനാട്ടിലെ ഒരു അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച് അതിക്രമത്തിന് ഇരയാക്കിയ കേസിലെ ഒന്നാംപ്രതിക്ക് 15 വര്‍ഷം തടവും 70000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. മുട്ടില്‍ കുട്ടമംഗലം വിളഞ്ഞിപ്പിലാക്കല്‍ നാസര്‍(നാച്ചിക്ക-42) എന്നയാളെയാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജ് കെ രാമകൃഷ്ണന് ശിക്ഷിച്ചത്. വിചാരണസമയത്ത് സാക്ഷികളില്‍ ചിലര്‍ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജി സിന്ധു ഹാജരായി. 2017 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവവുണ്ടായത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി ജേക്കബ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയും അന്വേഷണത്തില്‍ സജീവമായി ഉണ്ടായിരുന്നു. അനാഥാലയത്തിലെ ഏഴ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത് നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എതിര്‍ത്തപ്പോഴെല്ലാം നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ഇരകള്‍ വെളിപ്പെടുത്തിയിരുന്നു. സ്കൂളില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോകുംവഴി, കടയിലേക്ക് വിളിച്ചുവരുത്തി ആറുപേരടങ്ങിയ സംഘം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കടയില്‍ നിന്നും കുട്ടികള്‍ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാര്‍, വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതില്‍ പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുകയും സംഭവത്തില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
