തൃശൂര്‍: മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചി ദേഹത്തു കയറി മലമ്പാമ്പ് ചത്തു. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതരസംസ്ഥാന തൊഴിലാളിയായ നൂര്‍ അമീനെയാണ് തൃശൂര്‍ വാണിയംപാറയില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കാന്‍ ഹിറ്റാച്ചി ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് ഹിറ്റാച്ചി ദേഹത്ത് കയറി പാമ്പ് ചാവുന്നത്.
സംഭവത്തെ തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നൂര്‍ അമീനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് മലമ്പാമ്പിനെ ഏതെങ്കിലും തരത്തില്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.