ന്യൂഡല്‍ഹി: ഷെഡ്യൂള്‍ ചെയ്യാത്ത കാര്‍ഗോ വിമാനങ്ങള്‍ക്കു മാത്രമാണ് വിദേശ രാജ്യങ്ങളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന വിശദീകരണവുമായി കേന്ദ്രം. ജീവകാരുണ്യ ഉല്പന്നങ്ങളുമായി പോകുന്ന കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
അടിയന്തര, ജീവകാരുണ്യ ആവശ്യത്തിനുള്ള ചരക്കു വിമാനങ്ങള്‍ക്കും ഷെഡ്യൂള്‍ഡ് കാര്‍ഗോ വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. മരുന്ന്, മെഡിക്കല്‍, സുരക്ഷാ ഉപകരണങ്ങള്‍, ദുരിതാശ്വാസ വസ്തുക്കള്‍ എന്നിവ രാജ്യത്ത് എത്തിക്കുന്നതിനോ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനോ വിലക്കില്ല. മന്ത്രാലയത്തിന്റെ പുതിയ പുതിയ നിയമപ്രകാരം ഷെഡ്യൂള്‍ ചെയ്യാത്ത വിദേശ ചാര്‍ട്ടേഡ് കാര്‍ഗോ വിമാനങ്ങള്‍ക്കു മാത്രമാണ് നിയന്ത്രണം. ഇത്തരം ചരക്കു വിമാനങ്ങള്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അനുമതിയില്ലെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വിശദീകരിച്ചു.
