കോട്ടയം : ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കവിയുടെ മൂത്ത മകൻ വാസുദേവൻ അക്കിത്തം ചിതയ്ക്ക് തീ പകർന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് വേണ്ടി ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
വി.ടി ബൽറാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായനദാസ്, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാധവൻ, ത്രിത്താല ബ്ലോക്ക് പ്രസി കെ പി എം പുഷ്പജ, വടക്കുമ്പാട് നാരായണൻ, (ജീവചരിത്രം എഴുതിയ വ്യക്തി)
പ്രൊഫ പി ജി ഹരിദാസ്, കെ പി മോഹനൻ ( സാഹിത്യ അക്കാദമി,) ആനക്കര പഞ്ചായത്ത് പ്രസിഡണ്ട്, സിന്ധു രവീന്ദ്രകുമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, പൊതുപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ പങ്കെടുത്തു.

അക്കിത്തത്തിന്റെ ദീപ്തവും പ്രോജ്വലവുമായ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
മഹാകവി അക്കിത്തം ഓർമ്മയായെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിലൂടെ എല്ലാവരുടെയും മനസ്സിൽ എന്നും അദ്ദേഹം നിലകൊള്ളുമെന്നും അക്കിത്തത്തിന്റെ ദീപ്തവും പ്രോജ്വലവുമായ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പാലക്കാട് – കുമരനെല്ലൂരിലെ വീട്ടിൽ എത്തി അന്തോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാകവി ഒരു നല്ല മനുഷ്യനാകാനാകാനാണ് ജീവിതത്തിൽ ആദ്യം ശ്രമിച്ചത്. അങ്ങിനെ ഒരു മനുഷ്യനായ കവി എന്നുള്ളതുകൊണ്ടാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി നിൽക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയോട് അടുത്തു നിൽക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വലിയ മനുഷ്യൻ ആകാനുള്ള കൊതി വലിയ കവിയാകാനുള്ള കൊതിയിലേക്ക് മാറിയപ്പോൾ മനുഷ്യനേയും പ്രകൃതിയേയും ഇതര ജീവികളെയും മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വലിയ പദസമ്പത്ത്, മനോഹരമായ ആലങ്കാരിക ഭംഗിയുള്ള ഭാഷ, മനോഹരമായ രൂപഭംഗി എന്നിവയെല്ലാം അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത പലപ്പോഴും വാക്കുകളിൽ ഒതുക്കാൻ പറ്റാത്തതാണ്. അതുപോലെ തന്നെ അക്കിത്തത്തിന്റെ വേർപാട് വേദനയും വാക്കുകൾക്കതീതമാണ് എന്നും മന്ത്രി പറഞ്ഞു.