മലപ്പുറം:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ വ്യാജ കോവിഡ് സർട്ടിഫിക്കേറ്റുകൾ നൽകി പ്രവാസികളിൽ നിന്ന് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിലാണ്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് പോയവർ അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റിവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. പരാതിയിൽ വളാഞ്ചേരി ലാബ് മാനേജർ അറസ്റ്റിലായെങ്കിലും ഒരു പരാതി മാത്രമാണ് പോലിസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം കരിപ്പൂർ കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് എന്ന ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം എയർലൈൻസുകൾക്ക് നോട്ടീസ് നൽകിയതിനാൽ അവിടുത്തെ സർട്ടിഫിക്കറ്റുമായി എത്തിയവർക്കാണ് യാത്രാനുമതി നിഷേധിച്ചത്.
ഒരാളിൽ നിന്ന് 2250 രൂപയാണ് അർമ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45ലക്ഷത്തിലേറെ രൂപയാണ്. സംസ്ഥാനത്താദ്യം കൊവിഡ് ടെസ്റ്റിന് ഐസിഎംആര്‍ അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെൽത്ത് ലാബ്. ഈ അനുമതിയുടെ മറവിലാണ് ഫ്രാഞ്ചൈസി വലിയ തട്ടിപ്പ് നടത്തിയത്.