ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ആറടി ദൂരം ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജ്മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ അസി. കലക്ടര്‍ ഡി. ധര്‍മ്മല ശ്രീ അറിയിച്ചു. പുതിയ ഉത്തരവ് വരുന്നത് വരെ ഇത് ബാധകമായിരിക്കും. കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലാ ഓഫീസുകളില്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജരെ നിയമിക്കണം. കൊണ്ടുവരുന്ന ഭക്ഷണം, വെള്ളം എന്നിവ പങ്കുവെയ്ക്കുന്നത് ഒഴിവാക്കുക, കണ്ടെയ്ന്മെന്റ് സോണ്‍, ക്വാറന്റെയ്ന് മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പരമാവധി ഒഴിവാക്കുക, ഇത്തരം അപകട മേഖലകളില്‍ പോകുന്നവര്‍ ത്രീ ലെയര്‍ മാസ്ക് ഉപയോഗിക്കുക, മാസ്കിനു പകരം തൂവാല ഉപയോഗിക്കുന്നവര്‍ ചേര്‍ത്തു കെട്ടുന്ന വശം മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, ഓഫീസിനകത്ത് പ്രവേശിക്കുന്നതിന് മുന്‍പായി സാനിറ്റൈസര്‍ ഉപയോഗിക്കുക, പൊതുജനങ്ങള്‍ക്ക് പരമാവധി സേവനങ്ങള്‍ ഫോണ്‍, ഇന്റര്‍നെറ്റ് വഴി സാധ്യമാക്കുകയും ഓഫീസുകളിലും മറ്റുമെത്തുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജ്മെന്റ് അസി. കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ അഗ്നിശമന സേനാ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്. ഗീത, ജില്ലാ ഓഫീസ് മേധാവികള്‍ പങ്കെടുത്തു.