മുട്ടം: ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ക്ക് എതിരെ മുട്ടം പോലീസ് കേസ് എടുത്തു.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച മലങ്കര ജലസേചന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി വാഹനത്തില്‍ തിരികെ പോകവെയാണ് കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്. അനധികൃത സ്വര്‍ണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്.
മന്ത്രി എത്തിയ വിവരം അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിക്ക് സമീപത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവേശന കവാടത്തില്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം പ്രതിഷേധക്കാര്‍ അറിയാതെ തൊടുപുഴ ഡിവൈഎസ്പി സജീവ് കെ.കെയുടെ നേതൃത്വത്തിലുള്ള പോലീസ് മന്ത്രിയെ മറ്റൊരു വഴിക്ക് കടത്തി വിട്ടു.
ഇതറിഞ്ഞ പ്രതിഷേധക്കാര്‍ വാഹനങ്ങളില്‍ അവിടേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി മുട്ടം സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കും എന്നുള്ള സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൊടുപുഴ, മുട്ടം സ്റ്റേഷനില്‍ നിന്നുള്ള വന്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.