തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ നാട്ടുകാരുടെ പ്രതിഷേധം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വലിയ ജനക്കൂട്ടം വിലക്ക് ലംഘിച്ച് സംഘടിച്ചെത്തിയത്. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.
മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് പരാതി. സമീപപ്രദേശങ്ങളിൽ നടക്കുന്ന കോവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരിൽ ചേർക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ് പൂന്തുറ. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചു. തിരുവനന്തപുരത്ത് വ്യാഴാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 92 പേരിൽ 77 പേരും പൂന്തുറയിലാണ്.