സുല്‍ത്താന്‍ ബത്തേരി : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നിര്‍മ്മിക്കുന്ന 53 വീടുകളുടെ നിര്‍മ്മാണോദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു.
വനം വകുപ്പില്‍ നിന്നും ലഭ്യമായ 7.81 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ പത്ത് സെന്റ് വീതം അനുവദിച്ച കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പദ്ധതിയിലൂടെ വീടുകള്‍ ലഭിക്കുക. സി.സി മുക്കില്‍ 45 വീടുകളും ആവയലില്‍ 8 വീടുകളുമാണ് നിര്‍മ്മിക്കുന്നത്. ഓരോ വീടിനും ആറ് ലക്ഷം രൂപ വീതം ചെലവിടും. ജില്ലാ നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍മ്മാണ ചുമതല.
ഭൂതാനം ഗവ. എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്, വാര്‍ഡ് മെമ്പര്‍ പൈതല്‍, പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ സി. ഇസ്മയില്‍, ഉപദേശക സമിതി അംഗം പി.വാസുദേവന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
