പത്തിരിപ്പാല : മണ്ണൂരിൽ തീപ്പെട്ടിക്കമ്പനിയിൽ തീപ്പിടിത്തം. ഒരുലക്ഷം രൂപയുടെ തീപ്പെട്ടിക്കൊള്ളി കത്തിനശിച്ചു.
മണ്ണൂർ കിഴക്കുംപുറം കമ്പനിപ്പടിയിലെ അന്നപൂർണ തീപ്പെട്ടിക്കമ്പനിയിലാണ് സംഭവം. 40 ചാക്ക് തീപ്പെട്ടിക്കൊള്ളിയുണ്ടായിരുന്നു. സൾഫറിൽനിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
പുതുക്കോട് സ്വദേശി സുഭാഷ് വാടകക്കെടുത്ത് നടത്തുന്നതാണ് കമ്പനി. വെള്ളിയാഴ്ചരാത്രി പതിനൊന്നരയ്ക്കാണ് സംഭവം. കമ്പനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളി ജഗദീഷിന് ഉറക്കത്തിനിടെ ശ്വാസംമുട്ടലനുഭവപ്പെട്ടതിനെത്തുടർന്ന് എഴുന്നേറ്റപ്പോഴാണ് സംഭവമറിയുന്നത്. ജഗദീഷ് ഉടനെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന്, പാലക്കാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി. സേനയുടെയും നാട്ടുകാരുടെയും രണ്ടുമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.